സ്മരണക്ക് മുന്നില്‍ ആര്‍ദ്രനയനങ്ങളോടെ…
എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ശിഷ്യനുമായ ഓണമ്പിള്ളി മുഹമ്മദ് ഫൈസി കാളമ്പാടി ഉസ്താദിനെ അനു്സമരിക്കുന്നു.
- ഞാന്‍ ജാമിഅയിലെത്തുന്നത് 1999ലാണ്. കാളമ്പാടി ഉസ്താദിനെകുറിച്ച് മുമ്പ് തന്നെ ധാരാളം കേട്ടിരുന്നെങ്കിലും ആദ്യമായി കാണുന്നത് ജാമിഅയിലെത്തിയ ശേഷമാണ്. ജാമിഅയിലേക്ക് പ്രവേശനപരീക്ഷക്ക് പോവുകയാണെന്ന് സുഹൃത്തുക്കളോടും പരിചയക്കാരോടും പറഞ്ഞപ്പോഴെല്ലാം അവരില്‍ പലരുടെയും പ്രതികരണം ഇങ്ങനെയായിരുന്നു, അവിടെ ഒരു കാളമ്പാടി ഉസ്താദുണ്ട്, അദ്ദേഹത്തിന്റെ അടുത്താണ് പരീക്ഷക്ക് എത്തുന്നതെങ്കില്‍ ഒന്ന് വിയര്‍ക്കും.
- കാളമ്പാടി ഉസ്താദെന്ന കര്‍ക്കശക്കാരനായ ഒരു പണ്ഡിതന്റെ ചിത്രമായിരുന്നു ആ വാക്കുകള്‍ ഞങ്ങള്‍ക്ക് പകര്‍ന്നത്. എന്നാല്‍ ജാമിഅയിലെത്തി അവിടെ കഴിഞ്ഞ രണ്ട് വര്‍ഷത്തെ ജീവിതത്തിലൂടെ ആ മഹാന്റെ യഥാര്‍ത്ഥ ചിത്രവും ചരിത്രവും നേരില്‍ കാണാനായി. വിനയത്തിന്റെ ആള്‍രൂപവും ലാളിത്യത്തിന്റെ മറ്റൊരു പേരുമായിരുന്നു യഥാര്‍ത്ഥത്തില്‍ കാളമ്പാടി ഉസ്താദ്.
- ഞങ്ങളുടെ ഒരു സുഹൃത്തിന് അമളി പിണഞ്ഞത് ഞങ്ങള്‍ ഇന്നും ഓര്‍ക്കാറുണ്ട്, പ്രവേശനപ്പരീക്ഷക്ക് ജാമിഅയിലേക്ക് വരുകയായിരുന്നു അദ്ദേഹം. പെരിന്തല്‍മണ്ണയില്‍നിന്ന് പട്ടിക്കാട്ടേക്കുള്ള ബസില്‍ തൊട്ടടുത്ത സീറ്റില്‍ മടിയില്‍ തലപ്പാവ് ഊരിവെച്ച് മൊല്ലാക്ക എന്ന് തോന്നിക്കുന്ന ഒരാള്‍ ഇരിക്കുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ മൊല്ലാക്കയുടെ ചോദ്യം, എങ്ങോട്ടാ മുസ്‌ലിയാരേ പോകുന്നത്. ജാമിഅയിലേക്കാണെന്നും പ്രവേശനപരീക്ഷക്ക് പോകുകയാണെന്നും പറഞ്ഞശേഷം ആ സുഹൃത്ത് ഇങ്ങനെ കൂടി പറഞ്ഞു, അവിടെ ഒരു കാളമ്പാടി ഉസ്താദുണ്ടത്രെ, അയാളെയാ പേടി, മറ്റു ഉസ്താദുമാരൊന്നും പ്രവേശനപരീക്ഷയില്‍ അത്ര കര്‍ശനക്കാരല്ലെന്നാ കേട്ടത്. ഏതായാലും നിങ്ങള്‍ ദുആ ചെയ്യണം.
- പട്ടിക്കാടെത്തി ബസ് ഇറങ്ങി പ്രവേശന പരീക്ഷക്കായി റൂമിന് മുമ്പില്‍ ഊഴം കാത്ത് നില്‍ക്കുമ്പോഴും ആ സുഹൃത്തിന്റെ പ്രാര്‍ത്ഥന അത് തന്നെയായിരുന്നു, തനിക്ക് പരീക്ഷ നടത്തുന്നത് കാളമ്പാടി ഉസ്താദാവരുതേ എന്ന്. തന്റെ ഊഴമെത്തിയപ്പോള്‍, ഒരു റൂം ചൂണ്ടിക്കാണിച്ച് കണ്‍ട്രോളര്‍ പറഞ്ഞു, അതാ അങ്ങോട്ട് ചെല്ലൂ, കാളമ്പാടി ഉസ്താദിന്റെ അടുത്തേക്ക്. അദ്ദേഹം ആകെ തളര്‍ന്നുപോയി. വാതില്‍ തുറന്ന് അകത്ത് കടന്നപ്പോള്‍, തന്നെയും കാത്തിരിക്കുന്നത്, ബസില്‍ കൂടെയുണ്ടായിരുന്ന അതേ മൊല്ലാക്ക. ഒരു വേള, തന്റെ സപ്തനാഡികളും തളര്‍ന്നുപോയ നിമിഷമായിരുന്നു അതെന്ന് ആ സുഹൃത്ത് ഇപ്പോഴും ഓര്‍ക്കാറുണ്ട്.
- ശേഷം ജാമിഅയില്‍ പ്രവേശനം ലഭിച്ചശേഷം ആ സുഹൃത്തിനോട് ഒരിക്കല്‍ ഉസ്താദ് പറഞ്ഞു, കാളമ്പാടി അത്ര കര്‍ശനമൊന്നുമല്ലെന്ന് മനസ്സിലായില്ലേ. ബസില്‍ വെച്ച് ആളറിയാതെ പറഞ്ഞുപോയ ആ വാക്കിന് അവസാനം ഉസ്താദിനോട് മാപ്പ് ചോദിച്ചാണ് ആ സുഹൃത്ത് ജാമിഅയില്‍നിന്ന് പോയത്.
- ധീരമായ നിലാപടുകള്‍
- തീരുമാനങ്ങളെടുക്കുന്നതിലെ കണിശതയും എടുത്ത തീരുമാനങ്ങളിലെ ആര്‍ജ്ജവവും ജീവിതത്തിലെ ലാളിത്യവും സമം ചേര്‍ത്തെടുത്തതായിരുന്നു ആ വ്യക്തിത്വം.
- എസ്.കെ.എസ്.എസ്.എഫിന്റെ പ്രവര്‍ത്തകരോടൊപ്പം ചില കാര്യങ്ങളിലൊക്കെ ചില നിര്‍ദ്ദേശങ്ങള്‍ വെക്കാനും അഭിപ്രായം ആരായാനുമായി ഉസ്താദിന്റെ അടുക്കല്‍ പോകാറുണ്ടായിരുന്നു. അപ്പോഴൊക്കെ അദ്ദേഹം പറയാറുണ്ടായിരുന്നത്, മുസ്‌ലിയാരേ, ഇത് സമസ്തയാണ്, തൊട്ടതിനും പിടിച്ചതിനുമൊക്കെ തോന്നുംവിധം തീരുമാനം പറയാനുള്ളതല്ല ഇത്. അത്യാവശ്യമായി വരുന്ന ഘട്ടത്തിലേ സമസ്ത വല്ലതും പറയൂ, പറഞ്ഞാല്‍ പിന്നെ അത് ഒരിക്കലും മാറ്റിപ്പറയേണ്ടി വരാറുമില്ല.
- അതായിരുന്നു ഉസ്താദിന്റെയും ശൈലി.
- തനിക്ക് ശരിയാണെന്ന് പൂര്‍ണ്ണമായി ബോധ്യപ്പെട്ടത് ആരുടെ മുമ്പിലും അദ്ദേഹം സധൈര്യം തുറന്ന് പറയുമായിരുന്നു, എന്നാല്‍ അങ്ങനെ ബോധ്യപ്പെട്ടതേ പറയുമായിരുന്നുള്ളൂ താനും. സമസ്തക്ക് വിരുദ്ധമായ നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന് തോന്നിയപ്പോഴൊക്കെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ബന്ധപ്പെട്ടവരെ നേരില്‍ കാണുമ്പോള്‍ അതിശക്തമായി തങ്ങളുടെ നിലപാട് അറിയിക്കാന്‍ അദ്ദേഹം മടിക്കാറില്ലായിരുന്നു. തങ്ങന്മാരോട് ഉസ്താദിന് ഏറെ ആദരവായിരുന്നു. എന്നാല്‍ എല്ലാ ആദരവും സൂക്ഷിച്ചുകൊണ്ട് തന്നെ, അവരോട് പോലും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ അദ്ദേഹം മടിച്ചിരുന്നില്ല.
- ലാളിത്യത്തിന്റെ മനുഷ്യരൂപം
- പരമോന്നത പണ്ഡിതസഭയുടെ അമരത്തിരിക്കുമ്പോഴും ആ ലാളിത്യത്തിന് ആക്കം കൂടുന്നതാണ് കേരളം കണ്ടത്. അതാണല്ലോ ഉഖ്റവിയ്യായ പണ്ഡിതന്റെ ലക്ഷണവും. പരിപാടികള്‍ക്ക് ക്ഷണിക്കാനായി സംഘടാകര്‍ വരുമ്പോള്‍, ഞങ്ങള്‍ കാറ് അയക്കാമെന്ന് പറയുമ്പോഴൊക്കെ അദ്ദേഹം ചോദിക്കുമായിരുന്നു, അതിനൊക്കെ കുറേ കാശ് ആവില്ലേ, ബസില്‍ വന്നാല്‍ പോരേ എന്ന്.
- ഉസ്താദ് ബസിലും ഓട്ടോറിക്ഷയിലുമായി യാത്രകള്‍ ചെയ്യുന്നത് കണ്ട ഞങ്ങള്‍ ഫൈസിമാര്‍ ഉസ്താദിന് വേണ്ടി ഒരു കാര്‍ വാങ്ങുന്നതിനെക്കുറിച്ച് ഒരിക്കല്‍ ആലോചിച്ചു. ഉസ്താദിനെ കാര്യം സമ്മതിപ്പിക്കാന്‍ ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിയാണ് ശ്രമിച്ചത്. പക്ഷേ, എത്ര തന്നെ പറഞ്ഞിട്ടും, ഉസ്താദ് അത് സമ്മതിച്ചില്ല, അതിന്റെയൊന്നും ആവശ്യമില്ല മുസ്‌ലിയാരേ എന്ന സരസശൈലിയിലെ മറുപടിയായിരുന്നു അവിടന്ന് കിട്ടിയത്.
- ആ ലാളിത്യം വേഷത്തിലും കാണാമായിരുന്നു. പളപളാ മിന്നുന്ന ഉടുപ്പുകളോ വെട്ടിത്തിളങ്ങുന്ന തലപ്പാവോ ഒരിക്കല്‍ പോലും അവിടന്ന് ഉപയോഗിച്ചിട്ടില്ല. സമസ്തയുടെ പ്രസിഡണ്ടായ ശേഷം പലരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയാണ് അവസാനം പച്ച വല്ലി ഉപയോഗിക്കാന്‍ തുടങ്ങിയത്. വല്ലിയെക്കുറിച്ച് പലപ്പോഴും ഉസ്താദ് ഇങ്ങനെ പറയാറുണ്ടായിരുന്നു, ഇത് കാശ് കൊടുത്താല്‍ ടെക്സ്റ്റൈല്‍സില്‍നിന്ന് ആര്‍ക്കും കിട്ടും, അത് ധരിക്കാനുള്ള അര്‍ഹതയുണ്ടാവലാണ് പ്രധാനം.
- ഉസ്താദിന്റെ രണ്ട് കുട്ടികള്‍ അപകടത്തില്‍ മരണമടഞ്ഞത് ഞങ്ങള്‍ ജാമിഅയില്‍ പഠിക്കുന്ന കാലത്തായിരുന്നു. വിവരമറിഞ്ഞ് ഞങ്ങള്‍ ഉസ്താദിന്റെ വീട്ടിലേക്ക് പോയി. പണ്ഡിതകാരണവരുടെ ആ കൊച്ചുവീട്ടിലേക്ക് നേരാം വണ്ണം റോഡ് പോലുമില്ലായിരുന്നു എന്നത് ഞങ്ങളെ ഏറെ അല്‍ഭുതപ്പെടുത്തി. മക്കള്‍ പിരിഞ്ഞ ദുഖം അല്‍പം പോലും പുറത്ത് കാണിക്കാതെ, തിരിച്ചുപോരുന്ന ഞങ്ങള്‍ക്ക് വെളിച്ചം കാണിക്കാനായി ടോര്‍ച്ചും കൈയ്യിലേന്തി ഞങ്ങളോടൊപ്പം നടന്നുവന്ന ആ ലാളിത്യത്തെ അളക്കാന്‍ ഏത് മാപിനിയാണ് നമ്മുടെ കൈയ്യിലുള്ളത്. മക്കളുടെ മരണാനന്തരചടങ്ങുകള്‍ കഴിഞ്ഞ് ദുഖം ഘനീഭവിച്ച മുഖത്തോടെ തളര്‍ന്ന മനസ്സോടെ തിരിച്ചെത്തുന്ന ഉസ്താദിനെയാണ് ഞങ്ങളൊക്കെ പ്രതീക്ഷിച്ചത്. എന്നാല്‍, യാതൊന്നും പുറത്ത് കാണിക്കാതെ, ഇന്നാലില്ലാഹിയില്‍ കാര്യങ്ങളെല്ലാം ഒതുക്കിയ ഒരു യഥാര്‍ത്ഥ സ്വൂഫിവര്യനെയാണ് അന്ന് ഞങ്ങള്‍ക്ക് കാണാനായത്.
- ഹൃദ്യമായ ക്ലാസുകളും സൂക്ഷ്മതയും
- അദ്ദേഹത്തിന്റെ ക്ലാസുകള്‍ ഏറെ ഹൃദ്യവും അതിലേറെ ഗഹനവുമായിരുന്നു. തുഹ്ഫയായിരുന്നു ഞങ്ങള്‍ക്ക് പ്രധാനമായും എടുത്തിരുന്നത്. പൊതുവെ അല്‍പം പ്രയാസമേറിയതാണല്ലോ തുഹ്ഫ. എന്നാല്‍ അത് പോലും അതിഹൃദ്യമായും വളരെ ലളിതമായും അദ്ദേഹം അവതരിപ്പിക്കുന്നത് ഏറെ അല്‍ഭുതത്തോടെ നോക്കിയിരുന്നിട്ടുണ്ട്. നാടന്‍ ഉദാഹരണങ്ങള്‍ സഹിതം അദ്ദേഹം വിശദീകരിച്ചുതന്നത് ഇന്നും മനസ്സില്‍ മായാതെ കിടക്കുന്നു. വിവിധ വിഷയങ്ങളിലൂടെ വിവരണം കടന്നുപോവുമ്പോള്‍ ആ വിജ്ഞാനസാഗരത്തിന് മുന്നില്‍ പലപ്പോഴും ഞാന്‍ കണ്ണ് മിഴിച്ചിരുന്നിട്ടുണ്ട്. ഞാനായിരുന്നു പലപ്പോഴും ക്ലാസില്‍ കിതാബ് വായിച്ചു കൊക്കാറുണ്ടായിരുന്നത്. വിവരണത്തില്‍ മുഴുകി ചിലപ്പോഴൊക്കെ വായിക്കുന്നത് പോലും മറന്ന് ഒരുനിമിഷം അങ്ങനെ ഇരുന്ന് പോകും, ഉടനെ വരും ആ ശബ്ദം, മുസ്‌ലിയാരേ, അന്തം വിട്ടിരിക്കാനുള്ളതല്ല ഈ സമയം, 140 കുട്ടികളുണ്ട് ഇവിടെ, നിങ്ങള്‍ ഒരു മിനുട്ട് വായിക്കാതെ ഇരുന്നാല്‍ 140 മിനുട്ടാണ് നഷ്ടപ്പെടുന്നത്.
- സമയത്തിന് അത്രമേല്‍ പ്രാധാന്യവും മൂല്യവും കല്‍പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ജീവിതരീതികളൊക്കെയും.
- കഴിഞ്ഞ ഏതാനും മാസങ്ങളായി ശാരീരികാസ്വാസ്ഥ്യങ്ങള്‍ ഏറെയുണ്ടായിരുന്നു അദ്ദേഹത്തിന്. ആ അവശതകള്‍ക്കിടയിലും ഒരിക്കലും ക്ലാസ് മുടക്കാറില്ലായിരുന്നു. മുകളിലെ നിലയിലെ ക്ലാസ് റൂമിലേക്ക് കയറാന്‍ സാധ്യമാവാതെ വരുമ്പോള്‍ കുട്ടികളെ താഴെയുള്ള പള്ളിയിലേക്ക് വിളിച്ചുവരുത്തി ക്ലാസ് എടുക്കാറായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. തന്നിലര്‍പ്പിതമായ ഉത്തരവാദിത്വം നിര്‍വ്വഹിക്കണമെന്ന കര്‍ക്കശമായ സൂക്ഷ്മതക്കൊപ്പം വിജ്ഞാനത്തിനായി സമയം ചെലവഴിക്കുകയെന്ന അടങ്ങാത്ത ആഗ്രഹം കൂടിയായിരുന്നു അതിന് പിന്നില്‍. വിജ്ഞാനം ആര്‍ജ്ജിക്കുകയും അത് പ്രസരണം ചെയ്യുകയും ചെയ്യുക എന്നതിലുപരി ആ ജീവിതത്തില്‍ വേറെ മോഹങ്ങളില്ലായിരുന്നു. കഴിഞ്ഞ വര്‍ഷം ദുബൈ ഔഖാഫിന്റെ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയില്‍ പങ്കെടുക്കാന്‍ ഉസ്താദിനും ക്ഷണം ലഭിച്ചിരുന്നു. പക്ഷേ, അതിലൊന്നും കാര്യമായ താല്‍പര്യം കാണിക്കാതെ മാറിനില്‍ക്കാനായിരുന്നു ഉസ്താദ് ശ്രമിച്ചത്.
- പ്രകടനപരതയില്ലാത്ത ആത്മീയത
- ആത്മീയതയുടെ പ്രകടനപരതയില്‍ ഒട്ടുമേ വിശ്വസിക്കാത്തതായിരുന്നു ആ പ്രകൃതവും ജീവിതവും. മനസ്സില്‍ സദാസമയവും ദിക്റും തസ്ബീഹുമായി നടന്നപ്പോഴും ആ കൈയ്യില്‍ ഒരു തസ്ബീഹ് മാല പോലും കാണാമായിരുന്നില്ല. ഇരുപത്തിനാല് മണിക്കൂറും കൈയ്യില്‍ തസ്ബീഹ് മാലയുമായി നടക്കുന്ന എത്രയോ ആളുകളേക്കാള്‍, അല്ലാഹുവിങ്കല്‍ സ്വീകാര്യരാവുന്നത് പകലന്തിയോളം പാടത്ത് പണിയെടുത്ത് അഞ്ച് നേരം കൃത്യമായി നിസ്കാരം നിര്‍വ്വഹിക്കുന്നവരായിരിക്കുമെന്ന് ഉസ്താദ് ഇടക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു.
- ചില വിദ്യാര്‍ത്ഥികളൊക്കെ പഠനത്തില്‍ കാര്യമായി ശ്രദ്ധിക്കാതെ സ്വലാതും ദിക്റുമായി കൈയ്യില്‍ തസ്ബീഹ് മാലയും പിടിച്ച് നടക്കുന്നത് കാണുമ്പോള്‍ ഉസ്താദിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു, മുസ്‌ലിയാരേ, ഈ തട്ടിപ്പ് കൊണ്ടൊന്നും കാര്യമില്ല, കിതാബ് ഓതിപ്പഠിക്കണം, കിതാബ് ഓതുന്നതിനേക്കാള്‍ വലിയ വേറെ ഇബാദതൊന്നുമില്ല.
- ചിലരൊക്കെ പഠിക്കുന്നുവെന്ന് വരുത്താനായി, സംശയങ്ങളുമായി ഉസ്താദിന്റെ റൂമിലെത്തും. അങ്ങനെ വരുന്നവര്‍ക്ക് വിഷയത്തില്‍ എത്രമാത്രം ധാരയുണ്ടെന്ന് ഒറ്റ ചോദ്യത്തിലൂടെ ഉസ്താദ് മനസ്സിലാക്കും. ശേഷം, ലൈബ്രറി ചൂണ്ടിക്കൊണ്ട് പറയും, മുസ്‌ലിയാരേ, ആ കാണുന്നതെന്താണെന്നറിയോ, കുതുബ്ഖാന. അവിടെ കുറെ കിതാബുകളുണ്ട്, അതിലുണ്ട് ഇതിനൊക്കെയുള്ള മറുപടി, അതൊക്കെ പോയി നോക്കുക, എന്നിട്ടും തിരിഞ്ഞില്ലെങ്കില്‍ ഇങ്ങോട്ട് വന്നാല്‍ മതി.
- അധ്യാപനത്തോടൊപ്പം സംസ്കരണം കൂടിയായിരുന്നു ഈ വാക്കുകളിലൂടെ അവിടന്ന് നിര്‍വ്വഹിച്ചത്.
- ഒരിക്കല്‍ തറാവീഹിനെ കുറിച്ചുള്ള ചര്‍ച്ചയില്‍ പ്രവാചകരുടെ കാലത്ത് എന്ത് കൊണ്ട് വ്യവസ്ഥാപിതമായി അത് ജമാഅതായി നിര്‍വ്വഹിക്കപ്പെട്ടില്ലെന്ന് ഉസ്താദ് വിശദീകരിച്ചത് ഞാന്‍ ഇന്നും ഓര്‍ത്തുപോവുന്നു. ഇസ്‌ലാമിക സംസ്കാരത്തിന്റെ ഉല്‍ഭവത്തിന്റെയും വികാസത്തിന്റെയും വിവിധ ഘട്ടങ്ങളെ അനാവരണം ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു, ഓരോ സംസ്കാരത്തിനും രാഷ്ട്രത്തിനും സമൂഹത്തിനും അതിന്റെ ഉല്‍ഭവത്തിലും വികാസത്തിലും അതിന്റേതായ മുന്‍ഗണനാക്രമമുണ്ട്. അതനുസരിച്ചേ അതൊക്കെ നടക്കാവൂ. ഓരോ കാര്യങ്ങള്‍ക്കും അതിന്റെ സമയാവേണ്ടതുണ്ട്. തറാവീഹ് നിസ്കാരവും അത് ജമാഅതായി നിര്‍വ്വഹിക്കലുമൊക്കെ ഇസ്‌ലാമിക ആരാധനാകര്‍മ്മങ്ങളുടെ സൌകുമാര്യതയും സൌന്ദര്യവുമാണ്. അത് നടപ്പിലാക്കാന്‍ സമയം പാകപ്പെടുന്നത് ഉമര്‍(റ)വിന്റെ കാലത്താണ്. ആഭ്യന്തരപ്രശ്നങ്ങളാല്‍ ഏറെ കലുശിതമായിരുന്ന അബൂബക്റ് (റ)വിന്റെ കാലത്തും അത്തരം കാര്യങ്ങള്‍ ചിന്തിക്കാന്‍ സാധ്യമായിരുന്നില്ല.
- പാരമ്പര്യവിഷയങ്ങളെ താത്വികമായി എങ്ങനെ അവലോകനം ചെയ്യാമെന്ന ഏറ്റവും വലിയ പാഠമായിരുന്നു അതിലൂടെ ഉസ്താദ് ഞങ്ങള്‍ക്ക് കൈമാറിയത്. വര്‍ഷങ്ങള്‍ക്ക് ശേഷം ബെഗോവിച്ചിന്റെ ഇസ്‌ലാം രാജമാര്‍ഗ്ഗം വായിച്ചപ്പോള്‍ ഇസ്‌ലാമിക ചരിത്രത്തിന്റെ സമാനവായന എനിക്ക് അവിടെ കാണാനായി. അപ്പോള്‍ അറിയാതെ എന്റെ മനസ്സ് കാളമ്പാടി ഉസ്താദിന്റെ ആ വാക്കുകളിലേക്ക് മടങ്ങിപ്പോയി, പരമ്പരാഗത ഗ്രന്ഥങ്ങള്‍ മാത്രം ഓതിപ്പഠിച്ച ആ മഹാപണ്ഡിതന്‍ തന്റെ സ്വതസിദ്ധശൈലിയിലൂടെ അന്ന് അവതരിപ്പിച്ചതും ഇതു തന്നെയായിരുന്നില്ലേ എന്ന് വീണ്ടും വീണ്ടും ഞാന്‍ ഓര്‍ത്തുപോയി.
- ആ സ്മരണകള്‍ക്ക് മുമ്പില്‍ ഒലിക്കുന്ന കണ്ണുകളെ നിയന്ത്രിക്കാനാവുന്നില്ല. കേരളീയ മുസ്‌ലിം സമൂഹത്തിന് തണല്‍വിരിച്ച് നിന്ന് ഒരു വടവൃക്ഷമാണ് ഇതിലൂടെ നഷ്ടമാവുന്നത്.
- ആ ഭൌതികപൂമേനി ആറടി മണ്ണിലേക്ക് വെക്കുമ്പോള്‍, മുമ്പൊരു അറബി കവി ചോദിച്ചതാണ് എനിക്കും ചോദിക്കാനുള്ളത്, എങ്ങനയാണ് ആ വിജ്ഞാനസാഗരം നിങ്ങള്‍ക്ക് മണ്ണിലേക്ക് വെക്കാന്‍ കഴിയുന്നത്, ആ വിജ്ഞാനകോശത്തിന് മുകളിലേക്ക് മണ്ണ് വാരിയിടാന്‍ എങ്ങനെയാണ് നിങ്ങള്‍ക്ക് സാധിക്കുന്നത്.
- ആ വിയോഗം നിമിത്തമുള്ള സമൂഹത്തിലെ വിടവ് നാഥന്‍ നികത്തുമാറാവട്ടെ..
- അല്ലാഹുമ്മ ലാ തഹരിംനാ അജ്റഹു.. വലാ തഫ്തിന്നാ ബഅ്ദഹു…അല്ലഹുമ്മ ലാ തഫ്തിന്നാ ബഅ്ദഹ്……….